2എന്റെ ദൈവമേ, ഞാൻ പകൽസമയത്ത് നിലവിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല.
3യിസ്രായേലിന്റെ സ്തുതികളിൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
4ഞങ്ങളുടെ പിതാക്കന്മാർ നിന്നിൽ ആശ്രയിച്ചു; അവർ ആശ്രയിക്കുകയും നീ അവരെ വിടുവിക്കുകയും ചെയ്തു.
5അവർ നിന്നോട് നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിന്നിൽ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല.
6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ.
7എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; അവർ അധരം മലർത്തി തല കുലുക്കി പറയുന്നു:
8“യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്ക! അവൻ നിന്നെ രക്ഷിക്കട്ടെ! അവൻ നിന്നെ വിടുവിക്കട്ടെ! അവന് നിന്നിൽ പ്രസാദമുണ്ടല്ലോ.”
9നീയല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിന്നിൽ ആശ്രയിക്കുമാറാക്കി.
10ജനിച്ച ഉടൻ തന്നെ ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.
11കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിക്കുവാൻ മറ്റാരുമില്ലല്ലോ.
12അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.
14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി; എന്റെ ഉള്ളിൽ ഉരുകിയിരിക്കുന്നു.
15എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.