2വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നത് നല്ലത്; മരണം സകലമനുഷ്യരുടെയും അവസാനമല്ലയോ; ജീവിച്ചിരിക്കുന്നവൻ അത് ഹൃദയത്തിൽ കരുതിക്കൊള്ളും.
3ചിരിയെക്കാൾ വ്യസനം നല്ലത്; മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും.
4ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; എന്നാൽ മൂഢന്മാരുടെ ഹൃദയം സന്തോഷഭവനത്തിലത്രേ.
5മൂഢന്റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്.
6മൂഢൻ ചിരിക്കുമ്പോൾ കലത്തിന്റെ കീഴിൽ മുള്ളുകൾ കത്തുമ്പോൾ ഉണ്ടാകുന്ന ശബ്ദം പോലെ തോന്നും. അതും മായ അത്രേ.
7കോഴ ജ്ഞാനിയെ ബുദ്ധിഹീനനാക്കുന്നു; കൈക്കൂലി ഹൃദയത്തെ തരംതാഴ്ത്തുന്നു.
8ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്; ഗർവ്വമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ.
9നിന്റെ മനസ്സിൽ അത്ര വേഗത്തിൽ നീരസം ഉണ്ടാകരുത്; മൂഢന്മാരുടെ മാർവ്വിൽ അല്ലയോ നീരസം വസിക്കുന്നത്.
10പഴയകാലം ഇന്നത്തെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തെന്ന് നീ ചോദിക്കരുത്; നീ അങ്ങനെ ചോദിക്കുന്നത് ജ്ഞാനലക്ഷണമല്ല.
11ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; സകലഭൂവാസികൾക്കും അതു ബഹുവിശേഷം.
12ജ്ഞാനം ഒരു ശരണം; ദ്രവ്യവും ഒരു ശരണം. ജ്ഞാനം ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതാകുന്നു പരിജ്ഞാനത്തിന്റെ വിശേഷത.
13ദൈവത്തിന്റെ പ്രവൃത്തികൾ നോക്കുക; അവൻ വളച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും?
14സുഖകാലത്ത് സന്തോഷമായിരിയ്ക്കുക; അനർത്ഥകാലത്ത് ചിന്തിച്ചുകൊള്ളുക; മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും അറിയാതിരിക്കേണ്ടതിന് ദൈവം ഇവ രണ്ടും ഉണ്ടാക്കിയിരിക്കുന്നു.
15ഞാൻ മായയായ എന്റെ ജീവിതകാലത്ത് ഇതൊക്കെയും കണ്ടു: തന്റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാൻ ഉണ്ട്; തന്റെ ദുഷ്ടതയിൽ ദീർഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ട്.
16അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയും ആയിരിക്കരുത്; നിന്നെ നീ എന്തിന് നശിപ്പിക്കുന്നു?