17ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല.
18ദുഷ്ടൻ നീതിമാന് മറുവിലയാകും; അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും.
19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്.
20ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു.
21നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.
22ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു.
23വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു.
24നിഗളവും ഗർവ്വവും ഉള്ളവന് പരിഹാസി എന്ന് പേരാകുന്നു; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.
25മടിയന്റെ കൊതി അവന് മരണകാരണം; വേലചെയ്യുവാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
26ചിലർ നിത്യവും അത്യാഗ്രഹത്തോടെ ഇരിക്കുന്നു; എന്നാൽ നീതിമാൻ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
27ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു; അവൻ ദുഷ്ടതാത്പര്യത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം!
28കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം.
29ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവൻ തന്റെ വഴി നന്നാക്കുന്നു.
30യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.