9നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും.
10അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്;
11അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും; അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും.
12ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.
13വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി; കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു.
14ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.
15സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം.
16സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു.
17ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.
18പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും.
19ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്.
20ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും.
21ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും.
22ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവയ്ക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
23സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.
24വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകയ്ക്കുന്നു; അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിയ്ക്കുന്നു.