Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 11

സദൃശവാക്യങ്ങൾ 11:1-21

Help us?
Click on verse(s) to share them!
1കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്; ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം.
2അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്.
3നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും; ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും.
4ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.
5നിഷ്കളങ്കന്റെ നീതി അവന് നേർവഴി ഒരുക്കും; ദുഷ്ടൻ തന്റെ ദുഷ്ടതകൊണ്ട് വീണുപോകും.
6നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും.
7ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്ക് ഭംഗം വരുന്നു.
8നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു; ദുഷ്ടൻ അവന് പകരം അകപ്പെടുന്നു.
9വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.
10നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.
11നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.
12കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു.
13ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു.
14മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്.
15അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും.
16കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു.
17ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
18ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും.
19നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവൻ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു.
20വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്; നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ.
21നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.

Read സദൃശവാക്യങ്ങൾ 11സദൃശവാക്യങ്ങൾ 11
Compare സദൃശവാക്യങ്ങൾ 11:1-21സദൃശവാക്യങ്ങൾ 11:1-21