1സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നെ നിലവിളിക്കും; അവൻ എന്റെ നിലവിളി ശ്രദ്ധിക്കും.
2കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
3ഞാൻ ദൈവത്തെ ഓർത്ത് നെടുവീർപ്പിടുന്നു. ഞാൻ ധ്യാനിക്കുമ്പോൾ, എന്റെ ആത്മാവ് വിഷാദിക്കുന്നു. സേലാ.
4നീ എന്റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു; സംസാരിക്കുവാൻ കഴിയാത്തവിധം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
5ഞാൻ പൂർവ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു.
6രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു; എന്റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.
7കർത്താവ് എന്നേക്കും തള്ളിക്കളയുമോ? അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ?