1സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
2യഹോവ അവനെ സംരക്ഷിച്ച് ജീവനോടെ പരിപാലിക്കും; അവൻ ഭൂമിയിൽ അനുഗൃഹീതനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന് നീ അവനെ ഏല്പിച്ചുകൊടുക്കുകയില്ല.
3യഹോവ അവനെ രോഗശയ്യയിൽ സഹായിക്കും; രോഗം മാറ്റി നീ അവനെ കിടക്കയിൽനിന്ന് എഴുന്നേല്പിക്കും.
4“യഹോവേ, എന്നോട് കൃപ തോന്നി എന്നെ സൗഖ്യമാക്കണമേ; നിന്നോട് ഞാൻ പാപം ചെയ്തിരിക്കുന്നു” എന്ന് ഞാൻ പറഞ്ഞു.
5“അവൻ എപ്പോൾ മരിച്ച് അവന്റെ പേര് നശിക്കും?” എന്ന് എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് ദോഷം പറയുന്നു.
6ഒരുത്തൻ എന്നെ കാണുവാൻ വരുമ്പോൾ കപടവാക്കുകൾ പറയുന്നു; അവൻ ഹൃദയത്തിൽ നീതികേട് ചിന്തിക്കുകയും പുറത്തുപോയി അത് പ്രസ്താവിക്കുകയും ചെയ്യുന്നു.
7എന്നെ പകയ്ക്കുന്നവർ എനിക്ക് വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവർ എനിക്കെതിരെ ദോഷം ചിന്തിക്കുന്നു.
8“ഒരു ദുർവ്യാധി അവനെ പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; ഇനി എഴുന്നേല്ക്കുകയില്ല” എന്ന് അവർ പറയുന്നു.
9ഞാൻ വിശ്വസിച്ചവനും എന്റെ ഭക്ഷണം പങ്കുവച്ചവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.
10ഞാൻ അവരോട് പകരം ചെയ്യേണ്ടതിന് യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കണമേ.