1സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; അവൻ എന്നിലേക്ക് ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
2നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ചുവടുകളെ സ്ഥിരമാക്കി.
3അവൻ എന്റെ വായിൽ ഒരു പുതിയ പാട്ട് തന്നു, നമ്മുടെ ദൈവത്തിന് സ്തുതി തന്നെ; പലരും അത് കണ്ട് ഭയപ്പെട്ട് യഹോവയിൽ ആശ്രയിക്കും.
4യഹോവയെ തന്റെ ആശ്രയമാക്കുകയും നിഗളികളെയും വ്യാജത്തിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
5എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും അനവധി ആകുന്നു; നിനക്ക് തുല്യൻ ആരുമില്ല; ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു.