Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 31

സങ്കീർത്തനങ്ങൾ 31:2-19

Help us?
Click on verse(s) to share them!
2നിന്റെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ വേഗം വിടുവിക്കണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കുന്ന കോട്ടയായും ഇരിക്കണമേ.
3നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ; നിന്റെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കണമേ.
4അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കണമേ; നീ എന്റെ അഭയസ്ഥാനമാകുന്നുവല്ലോ.
5നിന്റെ കൈയിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
6മിഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകയ്ക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.
7ഞാൻ നിന്റെ ദയയിൽ ആനന്ദിച്ച് സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടത കണ്ട് എന്റെ പ്രാണസങ്കടങ്ങൾ അറിഞ്ഞിരിക്കുന്നു.
8ശത്രുവിന്റെ കയ്യിൽ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകൾ നീ വിശാലസ്ഥലത്ത് നിർത്തിയിരിക്കുന്നു.
9യഹോവേ, എന്നോട് കൃപയുണ്ടാകണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ട് എന്റെ കണ്ണും പ്രാണനും ശരീരവും ക്ഷയിച്ചിരിക്കുന്നു.
10എന്റെ ആയുസ്സ് ദുഃഖത്തിലും എന്റെ സംവത്സരങ്ങൾ നെടുവീർപ്പിലും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യംനിമിത്തം എന്റെ ബലം നഷ്ടപ്പെട്ടും എന്റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു.
11എന്റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; എന്റെ അയല്ക്കാർക്ക് അതിനിന്ദിതൻ തന്നെ; എന്റെ മുഖപരിചയക്കാർക്ക് ഞാൻ ഭയഹേതുവാകുന്നു. എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ട് ഓടിപ്പോകുന്നു.
12മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
13“ചുറ്റും ഭീതി” എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്ന് കേട്ടിരിക്കുന്നു; അവർ എനിക്ക് വിരോധമായി കൂടി ആലോചന കഴിക്കുന്നു, എന്റെ ജീവൻ എടുത്തുകളയുവാൻ നിരൂപിക്കുന്നു.
14എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; “നീ എന്റെ ദൈവം” എന്ന് ഞാൻ പറഞ്ഞു.
15എന്റെ കാലഗതികൾ നിന്റെ കൈയിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.
16അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ; നിന്റെ ദയയാൽ എന്നെ രക്ഷിക്കണമേ.
17യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ച് പാതാളത്തിൽ മൗനമായിരിക്കട്ടെ.
18നീതിമാന് വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടി ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ നിശ്ശബ്ദമായി പോകട്ടെ.
19നിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.

Read സങ്കീർത്തനങ്ങൾ 31സങ്കീർത്തനങ്ങൾ 31
Compare സങ്കീർത്തനങ്ങൾ 31:2-19സങ്കീർത്തനങ്ങൾ 31:2-19