Text copied!
CopyCompare
മലയാളം ബൈബിള്‍ - ന്യായാധിപന്മാർ - ന്യായാധിപന്മാർ 20

ന്യായാധിപന്മാർ 20:18-39

Help us?
Click on verse(s) to share them!
18അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട് ,ബേഥേലിലേക്ക് ചെന്നു: “ബെന്യാമീന്യരോട് പടവെട്ടുവാൻ ഞങ്ങളിൽ ആർ ആദ്യം പോകേണം ” എന്ന് ദൈവത്തോട് അരുളപ്പാട് ചോദിച്ചു. “യെഹൂദാ ആദ്യം ചെല്ലട്ടെ ” എന്ന് യഹോവ അരുളിച്ചെയ്തു.
19അങ്ങനെ യിസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റ് ഗിബെയെക്ക് എതിരെ പാളയം ഇറങ്ങി.
20യിസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധം ചെയ്‌വാൻ പുറപ്പെട്ട് ഗിബെയയിൽ അവരുടെ നേരെ അണിനിരന്നു.
21ബെന്യാമീന്യർ ഗിബെയയിൽനിന്ന് പുറപ്പെട്ട് യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്ന് സംഹരിച്ചു.
22യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്ന് സന്ധ്യ വരെ കരഞ്ഞ് “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിന് പോകേണമോ” എന്ന് യഹോവയോട് ചോദിച്ചു. ‘അവരുടെ നേരെ ചെല്ലുവിൻ” എന്ന് യഹോവ അരുളിച്ചെയ്തു.
23അങ്ങനെ യിസ്രായേൽജനം തമ്മിൽതമ്മിൽ ധൈര്യപ്പെടുത്തി, ഒന്നാം ദിവസം അണിനിരന്ന അതേ സ്ഥലത്ത് പടക്ക് അണിനിരന്നു.
24അങ്ങനെ യിസ്രായേൽമക്കൾ രണ്ടാം ദിവസവും ബെന്യാമീന്യരോട് അടുത്തു.
25ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയയിൽനിന്ന് അവരുടെ നേരെ പുറപ്പെട്ട്, പിന്നെയും യിസ്രയേൽ മക്കളിൽ യോദ്ധാക്കളായ പതിനെണ്ണായിരംപേരെ സംഹരിച്ചു.
26അപ്പോൾ യിസ്രായേൽമക്കൾ ഒക്കെയും ബേഥേലിലേക്ക് ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് അന്ന് സന്ധ്യവരെ ഉപവസിച്ച്, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും യഹോവയ്ക്ക് അർപ്പിച്ചു.
27അങ്ങനെ യിസ്രായേൽമക്കൾ യഹോവയോട് ചോദിച്ചു; അക്കാലത്ത് ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.
28അഹരോന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് ആയിരുന്നു അക്കാലത്ത് തിരുസന്നിധിയിൽ നിന്നിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധം ചെയ്യണമോ? അതോ ഒഴിഞ്ഞുകളയേണമോ?” എന്ന് അവർ ചോദിച്ചതിന്: “ചെല്ലുവിൻ; നാളെ ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്ന് യഹോവ അരുളിച്ചെയ്തു.
29പിന്നെ യിസ്രായേല്യർ ഗിബെയെക്ക് ചുറ്റും പതിയിരിപ്പുകാരെ ആക്കി.
30യിസ്രായേൽമക്കൾ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ട് മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്ക് അണിനിരന്നു.
31ബെന്യാമീന്യർ ജനത്തിന്റെ നേരെ പുറപ്പെട്ട് പട്ടണം വിട്ട് പുറത്തായി; ബേഥേലിലേക്കും ഗിബെയയിലേക്കും പോകുന്ന രണ്ട് പെരുവഴികളിലും,വയലിലും മുമ്പിലത്തെപ്പോലെ സംഹാരം നടത്തി; യിസ്രായേലിൽ ഏകദേശം മുപ്പത് പേരെ കൊന്നു.
32“അവർ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പിൽ തോറ്റോടുന്നു ” എന്ന് ബെന്യാമീന്യർ പറഞ്ഞു. യിസ്രായേൽമക്കളോ: “നാം ഓടി ,അവരെ പട്ടണത്തിൽനിന്ന് പെരുവഴികളിലേക്ക് ആകർഷിക്കാം” എന്ന് പറഞ്ഞു.
33യിസ്രായേല്യർ തങ്ങളുടെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ബാൽ-താമാരിൽ പടെക്ക് അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരും ഗിബെയയുടെ പുല്പുറത്തേക്ക് പുറപ്പെട്ടു.
34എല്ലാ യിസ്രായേലിൽ നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരം പേർ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്ത് അവരുടെ മേൽ വരുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല.
35യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്ന് യിസ്രായേൽമക്കൾ ബെന്യാമീന്യരിൽ ആയുധപാണികളായ ഇരുപത്തി അയ്യായിരത്തി ഒരുനൂറ് പേരെ സംഹരിച്ചു.
36ഇങ്ങനെ തങ്ങൾ തോറ്റു എന്ന് ബെന്യാമീന്യർ കണ്ടു; എന്നാൽ യിസ്രായേല്യർ, ഗിബെയെക്കരികെ പതിയിരിപ്പുകാരെ ആക്കിയിരുന്നു; അവരെ വിശ്വസിച്ച് യിസ്രായേല്യർ പിൻവാങ്ങി, ബെന്യാമീന്യർക്ക് സ്ഥലം കൊടുത്തു.
37ഉടനെ പതിയിരിപ്പുകാർ ഗിബെയയിൽ പാഞ്ഞുകയറി, പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചുകളഞ്ഞു.
38പട്ടണത്തിൽനിന്ന് അടയാളമായിട്ട് ഒരു വലിയ പുക ഉയരുമാറാക്കേണമെന്ന് യിസ്രായേല്യർ പതിയിരിപ്പുകാരുമായി ഒരു ധാരണ ഉണ്ടാക്കിയിരുന്നു.
39അവർ പടയിൽ നിന്ന് പിൻവാങ്ങിയപ്പോൾ ബെന്യാമീന്യർ യിസ്രായേല്യരിൽ ഏകദേശം മുപ്പത് പേരെ വെട്ടിക്കൊന്നു; മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്ന് അവർ പറഞ്ഞു.

Read ന്യായാധിപന്മാർ 20ന്യായാധിപന്മാർ 20
Compare ന്യായാധിപന്മാർ 20:18-39ന്യായാധിപന്മാർ 20:18-39