2എല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാനും പാപിക്കും, നിർമ്മലനും മലിനനും, യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവനും, ഒരു ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരു ഗതിആകുന്നു.
3എല്ലാവർക്കും ഒരു ഗതി വരുന്നു എന്നത് സൂര്യനു കീഴിൽ നടക്കുന്ന എല്ലാറ്റിലും വലിയ ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തുണ്ട്. അതിനു ശേഷം അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.
4ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ള ഏതൊരുവനും പ്രത്യാശയ്ക്ക് വകയുണ്ട്; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതാണല്ലോ.
5ജീവിച്ചിരിക്കുന്നവർ അവർ മരിക്കും എന്നറിയുന്നു; മരിച്ചവർ ഒന്നും അറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെക്കുറിച്ചുള്ള ഓർമ്മയും നഷ്ടമാകുന്നു.
6അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യനു കീഴിൽ നടക്കുന്ന യാതൊന്നിലും അവർക്ക് ഇനി ഒരിക്കലും ഓഹരിയില്ല.
7നീ ചെന്ന് സന്തോഷത്തോടുകൂടി അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്കുക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.
8നിന്റെ വസ്ത്രം എല്ലായ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ.
9സൂര്യനു കീഴിൽ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായ ആയുഷ്കാലത്ത് നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടി നിന്റെ ആയുഷ്കാലമെല്ലാം സന്തോഷിച്ചുകൊൾക; അതല്ലയോ ഈ ആയുസ്സിൽ സൂര്യന്റെ കീഴിൽ നീ ചെയ്യുന്ന സകല പ്രയത്നത്തിലും നിനക്കുള്ള ഓഹരി.