2ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്നവരെക്കാൾ മുമ്പെ തന്നെ മരിച്ചുപോയ മൃതന്മാരെ ഞാൻ പ്രശംസിച്ചു.
3ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യനു കീഴിൽ നടക്കുന്ന ദുഷ്പ്രവൃത്തി കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ.
4സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി സകലവും ഒരുവന് മറ്റൊരുവനോടുള്ള അസൂയയിൽ നിന്ന് ഉളവാകുന്നു എന്ന് ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
5മൂഢൻ കയ്യും കെട്ടിയിരുന്ന് സ്വന്തമാംസം തിന്നുന്നു.
6രണ്ടു കൈ നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനേക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്.
7ഞാൻ പിന്നെയും സൂര്യനു കീഴിൽ മായ കണ്ടു.
8ഏകാകിയായ ഒരുവനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒരു അവസാനവുമില്ല; അവന്റെ കണ്ണിന് സമ്പത്തു കണ്ട് തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ച് സുഖാനുഭവം ത്യജിക്കുന്നു? ഇത് മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
9ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്ക് തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.
10വീണാൽ ഒരുവൻ മറ്റവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിക്കുവാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!
11രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരാൾ തന്നേ ആയാലോ എങ്ങനെ കുളിർ മാറും?