5രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.
6രാജസന്നിധിയിൽ നിന്നെത്തന്നെ പുകഴ്ത്തരുത്; മഹാന്മാരുടെ സ്ഥാനത്ത് നില്ക്കുകയും അരുത്.
7പ്രഭുവിന്റെ സന്നിധിയിൽ നീ താഴ്ത്തപ്പെടുന്നതിനെക്കാൾ “ഇവിടെ കയറിവരുക” എന്ന് അവൻ നിന്നോട് പറയുന്നത് നല്ലത്.
8ബദ്ധപ്പെട്ട് വ്യവഹാരത്തിന് പുറപ്പെടരുത്; അല്ലെങ്കിൽ ഒടുവിൽ കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്ത് ചെയ്യും?
9നിന്റെ വഴക്ക് കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക; എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്.
10കേൾക്കുന്നവൻ നിന്നെ നിന്ദിക്കുവാനും നിനക്ക് തീരാത്ത അപമാനം വരുവാനും ഇടവരരുത്.
11തക്കസമയത്ത് പറയുന്ന വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ.
12കേട്ടനുസരിക്കുന്ന കാതിന് ജ്ഞാനിയുടെ ശാസന പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.
13വിശ്വസ്തനായ ദൂതൻ തന്നെ അയക്കുന്നവർക്ക് കൊയ്ത്തുകാലത്ത് ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
14ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റുംപോലെയാകുന്നു.
15ദീർഘക്ഷമകൊണ്ട് ന്യായാധിപനെ സമ്മതിപ്പിക്കാം; മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു.
16നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭക്ഷിക്കാവു; അധികം ഭക്ഷിച്ചിട്ട് ഛർദ്ദിക്കുവാൻ ഇടവരരുത്.