3ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അജ്ഞാതം.
4വെള്ളിയിൽനിന്ന് മാലിന്യം നീക്കിക്കളഞ്ഞാൽ തട്ടാന് പണിത്തരം കിട്ടും.
5രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.
6രാജസന്നിധിയിൽ നിന്നെത്തന്നെ പുകഴ്ത്തരുത്; മഹാന്മാരുടെ സ്ഥാനത്ത് നില്ക്കുകയും അരുത്.
7പ്രഭുവിന്റെ സന്നിധിയിൽ നീ താഴ്ത്തപ്പെടുന്നതിനെക്കാൾ “ഇവിടെ കയറിവരുക” എന്ന് അവൻ നിന്നോട് പറയുന്നത് നല്ലത്.
8ബദ്ധപ്പെട്ട് വ്യവഹാരത്തിന് പുറപ്പെടരുത്; അല്ലെങ്കിൽ ഒടുവിൽ കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്ത് ചെയ്യും?
9നിന്റെ വഴക്ക് കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക; എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്.
10കേൾക്കുന്നവൻ നിന്നെ നിന്ദിക്കുവാനും നിനക്ക് തീരാത്ത അപമാനം വരുവാനും ഇടവരരുത്.
11തക്കസമയത്ത് പറയുന്ന വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ.
12കേട്ടനുസരിക്കുന്ന കാതിന് ജ്ഞാനിയുടെ ശാസന പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.