11മരണത്തിന് കൊണ്ടുപോകുന്നവരെ വിടുവിക്കുക; കൊലക്കളത്തിലേക്ക് വിറച്ച് ചെല്ലുന്നവരെ രക്ഷിക്കുവാൻ ശ്രമിക്കുക.
12“ഞങ്ങൾ അറിഞ്ഞില്ലല്ലോ” എന്ന് നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കുകയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറിയുകയില്ലയോ? അവിടുന്ന് മനുഷ്യന് പ്രവൃത്തിക്ക് തക്കവണ്ണം പകരം കൊടുക്കുകയില്ലയോ?
13മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന് മധുരമത്രേ.
14ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക; നീ അത് പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശയ്ക്ക് ഭംഗം വരികയുമില്ല.
15ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന് പതിയിരിക്കരുത്; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കുകയുമരുത്.
16നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും.
17നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്.
18യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി.
19ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്; ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്.
20ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല; ദുഷ്ടന്റെ വിളക്ക് കെട്ടുപോകും.
21മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോട് ഇടപെടരുത്.
22അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും; രണ്ടു കൂട്ടരും വരുത്തുന്ന നാശം ആരറിയുന്നു?
23ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖപക്ഷം നന്നല്ല.
24ദുഷ്ടനോട് “നീ നീതിമാൻ” എന്ന് പറയുന്നവനെ ജനതകൾ ശപിക്കുകയും വംശങ്ങൾ വെറുക്കുകയും ചെയ്യും.
25അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും; വലിയ അനുഗ്രഹം അവരുടെ മേൽ വരും.
26നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.
27വെളിയിൽ നിന്റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; പിന്നീട് നിന്റെ വീട് പണിയുക.
28കാരണം കൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്ക്കരുത്; നിന്റെ അധരംകൊണ്ട് ചതിക്കുകയും അരുത്.
29“അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന് അവന്റെ പ്രവൃത്തിക്ക് പകരം കൊടുക്കും” എന്നും നീ പറയരുത്.
30ഞാൻ മടിയന്റെ നിലത്തിനരികിലും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന് സമീപത്തും കൂടി പോയി
31അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും കള നിറഞ്ഞ് നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
32ഞാൻ അത് നോക്കി വിചാരിക്കുകയും അതു കണ്ട് ഉപദേശം പ്രാപിക്കുകയും ചെയ്തു.
33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈകെട്ടി കിടപ്പ്.
34അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.