2നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്ളുക.
3അവന്റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമത്രേ.
4ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളയുക.
5നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്നപോലെ അത് ചിറകെടുത്ത് പറന്നുകളയും.
6കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്; അവന്റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്.
7അവൻ തന്റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു; ‘തിന്നു കുടിച്ചുകൊള്ളുക’ എന്ന് അവൻ നിന്നോട് പറയും; അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല.
8നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും.
9ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനം നിരസിച്ചുകളയും.
10പണ്ടേയുള്ള അതിര് നീക്കരുത്; അനാഥരുടെ നിലം ആക്രമിക്കുകയുമരുത്.
11അവരുടെ പ്രതികാരകൻ ബലവാനല്ലയോ; അവർക്ക് നിന്നോടുള്ള വ്യവഹാരം അവിടുന്ന് നടത്തും.
12നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക.
13ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല.
14വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും.
15മകനേ, നിന്റെ ഹൃദയം ജ്ഞാനം പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.