16അവരുടെ കാല് ദോഷം ചെയ്യുവാൻ ഓടുന്നു; രക്തം ചൊരിയിക്കുവാൻ അവർ ബദ്ധപ്പെടുന്നു.
17പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ.
18അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
19ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ; അത് അവരുടെ ജീവനെ എടുത്തുകളയുന്നു.
20ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു; അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു.
21അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു; നഗരകവാടങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്:
22“ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം?
23എന്റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ; ഞാൻ എന്റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.
24ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും
25നിങ്ങൾ എന്റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്
26ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും.
27നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നേ.
28അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറയുകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
29അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.