1സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.
2ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ള യഹോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.
3എന്റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ, നിന്റെ സന്നിധിയിൽ ഇടറിവീണ് നശിച്ചു പോകും.
4നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു;
5നീ ജനതതികളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു; അവരുടെ നാമംപോലും നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
6ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു.
7എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കായി അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.
8അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.
9യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.
10നിന്റെ നാമത്തെ അറിയുന്നവർ നിന്നിൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
11സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവീൻ; അവന്റെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പീൻ.
12രക്തപാതകത്തിന് പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളി അവൻ മറക്കുന്നതുമില്ല.
13യഹോവേ, എന്നോട് കരുണയുണ്ടാകണമേ; മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകയ്ക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കണമേ.
14ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്നെ സ്തുതിച്ച് നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.