40നീ അവന്റെ വേലി എല്ലാം പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
41വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
42നീ അവന്റെ വൈരികളുടെ വലം കൈ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
43അവന്റെ വാളിന്റെ വായ്ത്തല നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.
44അവന്റെ തേജസ്സ് നീ ഇല്ലാതെയാക്കി; അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു.
45അവന്റെ യൗവനത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. സേലാ.
46യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
47എന്റെ ആയുസ്സ് എത്രചുരുക്കം എന്ന് ഓർക്കണമേ; എന്തു വ്യർത്ഥതയ്ക്കായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
48ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്ന് വിടുവിക്കുന്നവനും ആരാണ്? സേലാ.