50അവൻ തന്റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു.
51അവൻ ഈജിപ്റ്റിലെ എല്ലാ കടിഞ്ഞൂലിനെയും ഹാമിന്റെ കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.
52എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി.
53അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
54അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു.
55അവരുടെ മുമ്പിൽനിന്നു അവൻ ജനതകളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു.
56എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല.
57അവർ അവരുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.
58അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് അവന് തീക്ഷ്ണത ജനിപ്പിച്ചു.
59ദൈവം അത് കേട്ട് ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
60അതുകൊണ്ട് അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.