3ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് നീ എനിക്ക് ഉറപ്പുള്ള പാറയായിരിക്കണമേ; എന്നെ രക്ഷിക്കുവാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
4എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽ നിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കൈയിൽ നിന്നും എന്നെ വിടുവിക്കണമേ.
5യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.
6ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
7ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
8എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
9വാർദ്ധക്യകാലത്ത് നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.
10എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു.
11“ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ; വിടുവിക്കുവാൻ ആരുമില്ല” എന്ന് അവർ പറയുന്നു.