3അവൻ എന്റെ വായിൽ ഒരു പുതിയ പാട്ട് തന്നു, നമ്മുടെ ദൈവത്തിന് സ്തുതി തന്നെ; പലരും അത് കണ്ട് ഭയപ്പെട്ട് യഹോവയിൽ ആശ്രയിക്കും.
4യഹോവയെ തന്റെ ആശ്രയമാക്കുകയും നിഗളികളെയും വ്യാജത്തിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
5എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും അനവധി ആകുന്നു; നിനക്ക് തുല്യൻ ആരുമില്ല; ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു.
6ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ എന്റെ ചെവികൾ തുറന്നിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
7അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു;
8എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.”
9ഞാൻ മഹാസഭയിൽ നീതിയുടെ സുവാർത്ത പ്രസംഗിച്ചു; അധരങ്ങൾ ഞാൻ അടക്കിവച്ചില്ല; യഹോവേ, നീ അറിയുന്നു.
10ഞാൻ നിന്റെ നീതി എന്റെ ഹൃദയത്തിൽ മറച്ചു വച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാൻ മഹാസഭയിൽ മറച്ചുവച്ചതുമില്ല.