32നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും.
33യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കണമേ; ഞാൻ അത് അവസാനത്തോളം പ്രമാണിക്കും.
34ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കണമേ.
35നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തണമേ; ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ.
36ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നെ എന്റെ ഹൃദയം ചായുമാറാക്കണമേ.
37വ്യാജത്തിലേക്കു നോക്കാതെ എന്റെ കണ്ണുകൾ തിരിച്ച് നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കണമേ.
38നിന്നോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന നിന്റെ വചനം അടിയന് ഉറപ്പിച്ചുതരണമേ.
39ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളയണമേ; നിന്റെ വിധികൾ നല്ലവയല്ലയോ?.
40ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കണമേ.
41യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ.
42ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും.
43ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്ന് നീക്കിക്കളയരുതേ.