Text copied!
CopyCompare
മലയാളം ബൈബിള്‍ - ലൂക്കോസ് - ലൂക്കോസ് 22

ലൂക്കോസ് 22:29-61

Help us?
Click on verse(s) to share them!
29എന്റെ പിതാവ് രാജ്യത്തിന്റെ അധികാരം നൽകി എന്നെ നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങളെയും നിയമിക്കുന്നു.
30നിങ്ങൾ എന്റെ രാജ്യത്തിൽ എന്നോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായം വിധിക്കുകയും ചെയ്യും.
31ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റേണ്ടതിന് കല്പന ചോദിച്ചു.
32ഞാനോ നിന്റെ വിശ്വാസം പോകാതിരിക്കുവാൻ നിനക്ക് വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
33പത്രൊസ് അവനോട്: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കുവാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
34അതിന് അവൻ: പത്രൊസേ, നീ ഇന്ന് കോഴി കൂകുന്നതിനു മുമ്പെ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.
35പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ പണസഞ്ചിയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
36അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അതുപോലെതന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റ് വാൾ വാങ്ങിക്കൊള്ളട്ടെ.
37അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി എന്നു എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതിന് നിവൃത്തി വരേണ്ടതാകുന്നു എന്നു പറഞ്ഞു.
38കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ട് എന്നു അവർ പറഞ്ഞതിന്: ഇതു മതി എന്നു അവൻ അവരോട് പറഞ്ഞു.
39പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
40ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.
41യേശു അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം ദൂരെപ്പോയി മുട്ടുകുത്തി;
42പിതാവേ, നിനക്ക് മനസ്സുണ്ടെങ്കിൽ കഷ്ടതയുടെ ഈ പാനപാത്രം എന്നിൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.
43അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന് പ്രത്യക്ഷനായി.
44പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
45അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ ചെന്ന്, അവർ വിഷാദത്താൽ ഉറങ്ങുന്നത് കണ്ട് അവരോട്:
46നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ എഴുന്നേറ്റ് പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.
47അവൻ സംസാരിക്കുമ്പോൾ തന്നേ പുരുഷാരം അവന്റെ അടുക്കൽ വന്നു; പന്ത്രണ്ട് ശിഷ്യരിൽ ഒരുവനായ യൂദാ അവർക്ക് മുന്നിൽ നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.
48യേശു അവനോട്: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു.
49അവിടെ സംഭവിപ്പാൻ പോകുന്നത് എന്താണ് എന്നു അവന്റെ കൂടെയുള്ളവർക്ക് മനസ്സിലായി: കർത്താവേ, ഞങ്ങൾ അവരെ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
50അവരിൽ ഒരുവൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ ചെവി അറുത്തു.
51അപ്പോൾ യേശു; ഇത്രയും ചെയ്തത് മതി അവനെ വിടുവിൻ എന്നു പറഞ്ഞു അവന്റെ ചെവി തൊട്ടു സൌഖ്യമാക്കി.
52യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി എന്റെ നേരെ വരുന്നത് എന്തിനാണ്?
53ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
54അവർ യേശുവിനെ പിടിച്ച് മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും കുറച്ച് അകലം വിട്ടു അവരെ അനുഗമിച്ചു.
55അവർ എല്ലാവരും നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ച് കൊണ്ടിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
56അവൻ തീയുടെ വെളിച്ചത്തിനരികെ ഇരിക്കുന്നത് ഒരു ബാല്യക്കാരത്തി കണ്ട് അവനെ സൂക്ഷിച്ചു നോക്കി: ഇവനും യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
57അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
58കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരുവൻ അവനെ കണ്ട്: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
59ഏകദേശം ഒരു മണിക്കൂർ നേരം കഴിഞ്ഞപ്പോൾ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു ഉറപ്പിച്ചു പറഞ്ഞു.
60മനുഷ്യാ, നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്ന് കോഴി കൂകി.
61അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്ന് നോക്കി: ഇന്ന് കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോട് പറഞ്ഞ വാക്ക് പത്രൊസ് ഓർത്തു

Read ലൂക്കോസ് 22ലൂക്കോസ് 22
Compare ലൂക്കോസ് 22:29-61ലൂക്കോസ് 22:29-61