Text copied!
CopyCompare
മലയാളം ബൈബിള്‍ - ന്യായാധിപന്മാർ - ന്യായാധിപന്മാർ 20

ന്യായാധിപന്മാർ 20:4-34

Help us?
Click on verse(s) to share them!
4കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ ഉത്തരം പറഞ്ഞത്: “ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻ ദേശത്ത് ഗിബെയയിൽ രാപാർപ്പാൻ ചെന്നു.
5എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരെ എഴുന്നേറ്റ് രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാല്ക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി.
6അവർ യിസ്രായേലിൽ ദുഷ്കർമ്മവും വഷളത്വവും പ്രവർത്തിച്ചതുകൊണ്ട് ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.
7നിങ്ങൾ എല്ലാവരും യിസ്രായേല്യരല്ലോ; ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിൻ”.
8അപ്പോൾ സർവ്വജനവും എഴുന്നേറ്റ് ഏകസ്വരത്തിൽ പറഞ്ഞത്: “നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കോ വീട്ടിലേക്കോ തിരികെപോകരുത്.
9നാം ഇപ്പോൾ ഗിബെയയോടു ചെയ്യേണ്ടുന്നത് സംബന്ധിച്ച് ചീട്ടിടേണം;
10അവർ യിസ്രായേലിൽ പ്രവർത്തിച്ച സകല വഷളത്വത്തിനും പകരം ചെയ്യേണ്ടതിന് ജനം ബെന്യാമീൻ ദേശത്തെ ഗിബെയയിലേക്ക് ചെല്ലുമ്പോൾ ,അവർക്ക് വേണ്ടി ഭക്ഷണസാധനങ്ങൾ ഒരുക്കുവാൻ യിസ്രായേൽ ഗോത്രങ്ങളിൽ നൂറിൽ പത്ത് പേരെയും ആയിരത്തിൽ നൂറ് പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം”.
11അങ്ങനെ യിസ്രായേല്യർ ഒക്കെയും ആ പട്ടണത്തിന് വിരോധമായി ഏകമനസ്സോടെ യോജിച്ചു.
12പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ച്: “നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു അധർമ്മം നടന്നത് എന്ത്?
13ഗിബെയയിലെ ആ വഷളന്മാരെ ഞങ്ങൾ കൊന്ന് യിസ്രായേലിൽ നിന്ന് ദോഷം നീക്കിക്കളയേണ്ടതിന് അവരെ ഏല്പിച്ചു തരുവിൻ” എന്ന് പറയിച്ചു. ബെന്യാമീന്യരോ ,യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്ക് കേട്ടനുസരിപ്പാൻ മനസ്സില്ലാതെ യിസ്രായേൽമക്കളോട്
14യുദ്ധത്തിന് പുറപ്പെടുവാൻ തങ്ങളുടെ പട്ടണങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി.
15അന്ന് ഗിബെയാനിവാസികളിൽ തെരഞ്ഞടുക്കപ്പെട്ട എഴുനൂറ് പേരെ കൂടാതെ പട്ടണങ്ങളിൽനിന്ന് വന്ന ബെന്യാമീന്യർ ഇരുപത്താറായിരം ആയുധപാണികൾ ഉണ്ടായിരുന്നു.
16ഈ ജനത്തിലെല്ലാം ഇടങ്കയ്യന്മാരായ എഴുനൂറ് വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിനു പോലും ഉന്നം പിഴെക്കാത്ത കവിണക്കാർ ആയിരുന്നു.
17ബെന്യാമീന്യരെ കൂടാതെയുള്ള യിസ്രായേല്യർ, യോദ്ധാക്കളായ നാല് ലക്ഷം ആയുധപാണികൾ ആയിരുന്നു.
18അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട് ,ബേഥേലിലേക്ക് ചെന്നു: “ബെന്യാമീന്യരോട് പടവെട്ടുവാൻ ഞങ്ങളിൽ ആർ ആദ്യം പോകേണം ” എന്ന് ദൈവത്തോട് അരുളപ്പാട് ചോദിച്ചു. “യെഹൂദാ ആദ്യം ചെല്ലട്ടെ ” എന്ന് യഹോവ അരുളിച്ചെയ്തു.
19അങ്ങനെ യിസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റ് ഗിബെയെക്ക് എതിരെ പാളയം ഇറങ്ങി.
20യിസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധം ചെയ്‌വാൻ പുറപ്പെട്ട് ഗിബെയയിൽ അവരുടെ നേരെ അണിനിരന്നു.
21ബെന്യാമീന്യർ ഗിബെയയിൽനിന്ന് പുറപ്പെട്ട് യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്ന് സംഹരിച്ചു.
22യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്ന് സന്ധ്യ വരെ കരഞ്ഞ് “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിന് പോകേണമോ” എന്ന് യഹോവയോട് ചോദിച്ചു. ‘അവരുടെ നേരെ ചെല്ലുവിൻ” എന്ന് യഹോവ അരുളിച്ചെയ്തു.
23അങ്ങനെ യിസ്രായേൽജനം തമ്മിൽതമ്മിൽ ധൈര്യപ്പെടുത്തി, ഒന്നാം ദിവസം അണിനിരന്ന അതേ സ്ഥലത്ത് പടക്ക് അണിനിരന്നു.
24അങ്ങനെ യിസ്രായേൽമക്കൾ രണ്ടാം ദിവസവും ബെന്യാമീന്യരോട് അടുത്തു.
25ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയയിൽനിന്ന് അവരുടെ നേരെ പുറപ്പെട്ട്, പിന്നെയും യിസ്രയേൽ മക്കളിൽ യോദ്ധാക്കളായ പതിനെണ്ണായിരംപേരെ സംഹരിച്ചു.
26അപ്പോൾ യിസ്രായേൽമക്കൾ ഒക്കെയും ബേഥേലിലേക്ക് ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് അന്ന് സന്ധ്യവരെ ഉപവസിച്ച്, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും യഹോവയ്ക്ക് അർപ്പിച്ചു.
27അങ്ങനെ യിസ്രായേൽമക്കൾ യഹോവയോട് ചോദിച്ചു; അക്കാലത്ത് ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.
28അഹരോന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് ആയിരുന്നു അക്കാലത്ത് തിരുസന്നിധിയിൽ നിന്നിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധം ചെയ്യണമോ? അതോ ഒഴിഞ്ഞുകളയേണമോ?” എന്ന് അവർ ചോദിച്ചതിന്: “ചെല്ലുവിൻ; നാളെ ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്ന് യഹോവ അരുളിച്ചെയ്തു.
29പിന്നെ യിസ്രായേല്യർ ഗിബെയെക്ക് ചുറ്റും പതിയിരിപ്പുകാരെ ആക്കി.
30യിസ്രായേൽമക്കൾ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ട് മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്ക് അണിനിരന്നു.
31ബെന്യാമീന്യർ ജനത്തിന്റെ നേരെ പുറപ്പെട്ട് പട്ടണം വിട്ട് പുറത്തായി; ബേഥേലിലേക്കും ഗിബെയയിലേക്കും പോകുന്ന രണ്ട് പെരുവഴികളിലും,വയലിലും മുമ്പിലത്തെപ്പോലെ സംഹാരം നടത്തി; യിസ്രായേലിൽ ഏകദേശം മുപ്പത് പേരെ കൊന്നു.
32“അവർ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പിൽ തോറ്റോടുന്നു ” എന്ന് ബെന്യാമീന്യർ പറഞ്ഞു. യിസ്രായേൽമക്കളോ: “നാം ഓടി ,അവരെ പട്ടണത്തിൽനിന്ന് പെരുവഴികളിലേക്ക് ആകർഷിക്കാം” എന്ന് പറഞ്ഞു.
33യിസ്രായേല്യർ തങ്ങളുടെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ബാൽ-താമാരിൽ പടെക്ക് അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരും ഗിബെയയുടെ പുല്പുറത്തേക്ക് പുറപ്പെട്ടു.
34എല്ലാ യിസ്രായേലിൽ നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരം പേർ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്ത് അവരുടെ മേൽ വരുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല.

Read ന്യായാധിപന്മാർ 20ന്യായാധിപന്മാർ 20
Compare ന്യായാധിപന്മാർ 20:4-34ന്യായാധിപന്മാർ 20:4-34