Text copied!
CopyCompare
മലയാളം ബൈബിള്‍ - ഉല്പത്തി

ഉല്പത്തി 45

Help us?
Click on verse(s) to share them!
1അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ സ്വയം നിയന്ത്രിക്കുവാൻ കഴിയാതെ: “എല്ലാവരും എന്റെ അടുക്കൽനിന്നു പുറത്ത്പോകുവിൻ” എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ വേറെ ആരും അവന്റെ അടുക്കൽ ഉണ്ടായിരുന്നില്ല.
2അവൻ ഉച്ചത്തിൽ കരഞ്ഞു; ഈജിപ്റ്റുകാരും ഫറവോന്റെ കുടുംബവും അതു കേട്ടു.
3യോസേഫ് സഹോദരന്മാരോട്: “ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ” എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറയുവാൻ അവർക്കു കഴിഞ്ഞില്ല.
4യോസേഫ് സഹോദരന്മാരോട്: “ഇങ്ങോട്ട് അടുത്തുവരുവിൻ” എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞത്; “നിങ്ങൾ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.
5എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കണ്ടാ, വിഷാദിക്കുകയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു.
6ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു വർഷമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ഇനിയും ഉണ്ട്.
7ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു.
8ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവിടുന്ന് എന്നെ ഫറവോനു പിതാവും അവന്റെ കുടുംബത്തിനൊക്കെയും യജമാനനും ഈജിപ്റ്റുദേശത്തിനൊക്കെയും ഉയർന്ന ഉദ്യോഗസ്ഥനും ആക്കിയിരിക്കുന്നു.
9നിങ്ങൾ ബദ്ധപ്പെട്ട് എന്റെ അപ്പന്റെ അടുക്കൽ ചെന്ന് അപ്പനോടു പറയേണ്ടത് എന്തെന്നാൽ: ‘അങ്ങയുടെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ ഈജിപ്റ്റിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; അങ്ങ് താമസിക്കാതെ എന്റെ അടുക്കൽ വരേണം.
10അങ്ങേയ്ക് ഗോശെൻദേശത്തു പാർക്കാം എനിക്കു സമീപമായിരിക്കും; അങ്ങും മക്കളും മക്കളുടെ മക്കളും അങ്ങയുടെ ആടുകളും കന്നുകാലികളും അങ്ങയ്ക്കുള്ളതൊക്കെയും തന്നെ.
11അങ്ങയ്ക്കും കുടുംബത്തിനും അങ്ങയ്ക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ അങ്ങയെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു വർഷം നില്ക്കും’
12ഇതാ, ഞാൻ യോസേഫ് തന്നെ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.
13ഈജിപ്റ്റിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരുകയും വേണം.”
14അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
15അവൻ സഹോദരന്മാരെ എല്ലാവരേയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സംസാരിക്കുവാൻ തുടങ്ങി.
16യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള വർത്തമാനം ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോനും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി.
17ഫറവോൻ യോസേഫിനോടു പറഞ്ഞത്: “നിന്റെ സഹോദരന്മാരോടു നീ പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ ഇതു ചെയ്‌വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടു കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്ന്
18നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ട് എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു ഈജിപ്റ്റുരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും.

19നിനക്കു കല്പന തന്നിരിക്കുന്നു; ‘ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി ഈജിപ്റ്റുദേശത്തുനിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.
20നിങ്ങളുടെ വസ്തുവകകളെക്കുറിച്ചു ചിന്തിക്കേണ്ടാ; ഈജിപ്റ്റുദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു
21യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെതന്നെ ചെയ്തു; യോസേഫ് അവർക്കു ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.
22അവരിൽ ഓരോരുത്തർക്കും ഓരോ വസ്ത്രവും, ബെന്യാമീനു മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.
23അങ്ങനെതന്നെ അവൻ തന്റെ അപ്പന് പത്തു കഴുതപ്പുറത്ത് ഈജിപ്റ്റിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്ത് വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു.
24അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: “നിങ്ങൾ വഴിയിൽവച്ചു ശണ്ഠകൂടരുത്” എന്ന് അവരോടു പറഞ്ഞു.
25അവർ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു കനാൻദേശത്ത് അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.
26അവനോട്: “യോസേഫ് ജീവനോടിരിക്കുന്നു; അവൻ ഈജിപ്റ്റുദേശത്തിനൊക്കെയും അധിപതിയാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല.
27യോസേഫ് അവരോട് പറഞ്ഞവാക്കുകളെല്ലാം അവർ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങൾ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു.
28“മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പ് അവനെ പോയി കാണും” എന്നു യിസ്രായേൽ പറഞ്ഞു.