Text copied!
CopyCompare
മലയാളം ബൈബിള്‍ - ഉല്പത്തി

ഉല്പത്തി 22

Help us?
Click on verse(s) to share them!
1അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരിശോധിച്ചത് എങ്ങനെയെന്നാൽ: “അബ്രാഹാമേ,” എന്നു വിളിച്ചതിന്: “ഞാൻ ഇതാ” എന്ന് അവൻ പറഞ്ഞു.
2അപ്പോൾ അവിടുന്ന്: “നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നെ കൂട്ടിക്കൊണ്ട് മോറിയാദേശത്തു ചെന്ന്, അവിടെ ഞാൻ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം അർപ്പിക്ക” എന്ന് അരുളിച്ചെയ്തു.
3അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു കെട്ടി യൗവനക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിനു വിറകു കീറി എടുത്തുംകൊണ്ട് പുറപ്പെട്ടു, ദൈവം തന്നോട് കല്പിച്ച സ്ഥലത്തേക്കു പോയി.
4മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു.
5അബ്രാഹാം യൗവനക്കാരോട്: “നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടെവരെ ചെന്ന് ആരാധന കഴിച്ചു മടങ്ങിവരാം” എന്നു പറഞ്ഞു.
6അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.
7അപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോട്: “അപ്പാ,” എന്നു പറഞ്ഞതിന് അവൻ: “എന്താകുന്നു മകനേ” എന്നു പറഞ്ഞു. “ഇതാ, തീയും വിറകുമുണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ? എന്ന് അവൻ ചോദിച്ചു.
8“ദൈവം അവിടുത്തേക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ കരുതിക്കൊള്ളും, മകനേ,” എന്ന് അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു.
9ദൈവം കല്പിച്ചിരുന്ന സ്ഥലത്ത് അവർ എത്തി; അവിടെ അബ്രാഹാം ഒരു യാഗപീഠം പണിതു, വിറക് അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി.
10പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന് കത്തി എടുത്തു.
11ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്: “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു; “ഞാൻ ഇതാ,” എന്ന് അവൻ പറഞ്ഞു.
12“ബാലന്റെ മേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
13അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ തന്റെ പിന്നിൽ ഒരു ആട്ടുകൊറ്റൻ കൊമ്പ് കാട്ടിൽ പിടിപെട്ടു കിടക്കുന്നത് കണ്ടു; അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകനു പകരം ഹോമയാഗം കഴിച്ചു.
14അബ്രാഹാം ആ സ്ഥലത്തിന് യഹോവ യിരേ എന്നു പേരിട്ടു. “യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും” എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു.
15യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്ന് അബ്രാഹാമിനെ വിളിച്ചു അരുളിച്ചെയ്തത്:
16“നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ട്
17ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണവാതിലുകൾ കൈവശമാക്കും.
18നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു.”

19പിന്നെ അബ്രാഹാം യൗവനക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ട് ബേർ-ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു.
20അനന്തരം ഒരുവൻ വന്നു “മിൽക്കയും നിന്റെ സഹോദരനായ നാഹോരിനു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു വർത്തമാനം അറിയിച്ചു.
21അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ,
22കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ” എന്ന് അബ്രാഹാമിനു അറിവ് കിട്ടി.
23ബെഥൂവേൽ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടുപേരെ മിൽക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിനു പ്രസവിച്ചു.
24നാഹോരിന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.