Text copied!
CopyCompare
മലയാളം ബൈബിള്‍ - ഉല്പത്തി

ഉല്പത്തി 21

Help us?
Click on verse(s) to share them!
1അനന്തരം യഹോവ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദർശിച്ചു; അവിടുന്ന് വാഗ്ദത്തം ചെയ്തിരുന്നതുപോലെ യഹോവ സാറായ്ക്ക് നിവർത്തിച്ചുകൊടുത്തു.
2അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോട് അരുളിച്ചെയ്തിരുന്ന ആ നിശ്ചിതസമയത്ത് സാറാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു.
3സാറാ അബ്രാഹാമിന് പ്രസവിച്ച മകന് യിസ്ഹാക്ക് എന്ന് അബ്രഹാം പേരിട്ടു.
4ദൈവം അബ്രാഹാമിനോട് കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിനെ എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.
5തന്റെ മകനായ യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിന് നൂറു വയസ്സായിരുന്നു.
6“ദൈവം എനിക്ക് സന്തോഷവും ആനന്ദവും നൽകി; കേൾക്കുന്നവരെല്ലാം എന്നോടുകൂടെ ചിരിക്കും” എന്ന് സാറാ പറഞ്ഞു.
7“സാറാ മക്കൾക്ക് മുലകൊടുക്കുമെന്ന് അബ്രാഹാമിനോട് ആർ പറയുമായിരുന്നു? അവന്റെ വാർദ്ധക്യത്തിലല്ലോ ഞാൻ അവന് ഒരു മകനെ പ്രസവിച്ചത്എന്നും അവൾ പറഞ്ഞു.
8പൈതൽ വളർന്നു മുലകുടി മാറിയ ദിവസം അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.
9ഈജിപ്റ്റുകാരിയായ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ട് അബ്രാഹാമിനോട്:
10“ഈ ദാസിയെയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത്” എന്നു പറഞ്ഞു.
11തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന് ഏറെ അനിഷ്ടമായി.
12എന്നാൽ ദൈവം അബ്രാഹാമിനോട്: “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുത്; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്ക് കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്ന് വിളിക്കപ്പെടുന്നത്.
13ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കും; അവൻ നിന്റെ സന്തതിയല്ലോ” എന്ന് അരുളിച്ചെയ്തു.
14അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്ത് ഹാഗാറിന്റെ തോളിൽവച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ അലഞ്ഞുനടന്നു.
15തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറ്റിക്കാടിന്റെ തണലിൽ കിടത്തി.
16അവൾ പോയി അതിനെതിരെ ഒരു അമ്പെയ്ത്തു ദൂരത്തിരുന്നു; കുട്ടിയുടെ മരണം എനിക്ക് കാണണ്ടാ എന്നു പറഞ്ഞ് എതിരെ ഇരുന്ന് ഉറക്കെ കരഞ്ഞു.
17ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തുനിന്ന് ഹാഗാറിനെ വിളിച്ച് അവളോട്: “ഹാഗാറേ, നിനക്കു എന്ത്? നീ ഭയപ്പെടേണ്ടാ; ബാലൻ ആയിരിക്കുന്നിടത്തുനിന്ന് അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.
18എഴുന്നേറ്റ് ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജനതയാക്കും” എന്ന് അരുളിച്ചെയ്തു.

19ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്ന് തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
20ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു.
21അവൻ പാരാൻമരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ ഈജിപ്റ്റുദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.
22അക്കാലത്ത് അബിമേലെക്കും അവന്റെ സൈന്യാധിപനായ പീക്കോലും അബ്രാഹാമിനോട് സംസാരിച്ചു: “നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്;
23അതുകൊണ്ട് നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ ഭാവിതലമുറയോടോ വ്യാജം പ്രവർത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്ന് ദൈവത്തെച്ചൊല്ലി ഇവിടെവച്ച് എന്നോട് സത്യം ചെയ്യുക” എന്നു പറഞ്ഞു.
24“ഞാൻ സത്യം ചെയ്യാം” എന്ന് അബ്രാഹാം പറഞ്ഞു.
25എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ പിടിച്ചെടുത്ത കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോട് പരാതിപറഞ്ഞു.
26അതിന് അബീമേലെക്ക്: “ഇക്കാര്യം ചെയ്തത് ആരെന്ന് ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്ന് ആദ്യമായിട്ടാണു ഞാൻ അതിനെക്കുറിച്ച് കേൾക്കുന്നത്” എന്നു പറഞ്ഞു.
27പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു.
28അബ്രാഹാം ഏഴു പെണ്ണാട്ടിൻകുട്ടികളെ വേറിട്ടു നിർത്തി.
29അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോട്: “നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടിൻകുട്ടികൾ എന്തിന്? എന്നു ചോദിച്ചു.
30“ഞാൻ ഈ കിണർ കുഴിച്ചു എന്നതിന് സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ എന്നോടു വാങ്ങണം” എന്ന് അവൻ പറഞ്ഞു.
31അവർ ഇരുവരും അവിടെവച്ച് സത്യം ചെയ്തതിനാൽ അവൻ ആ സ്ഥലത്തിന് ബേർ-ശേബ എന്നു പേരിട്ടു.
32ഇങ്ങനെ അവർ ബേർ-ശേബയിൽവച്ച് ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സൈന്യാധിപനായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി.
33അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു.
34അബ്രാഹാം കുറെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.