Text copied!
CopyCompare
മലയാളം ബൈബിള്‍ - അപ്പൊ. പ്രവൃത്തികൾ - അപ്പൊ. പ്രവൃത്തികൾ 23

അപ്പൊ. പ്രവൃത്തികൾ 23:10-30

Help us?
Click on verse(s) to share them!
10അങ്ങനെ അക്രമാസക്തമായ വലിയ ലഹള ആയതുകൊണ്ട് അവർ പൗലൊസിനെ ചീന്തിക്കളയും എന്ന് സഹസ്രാധിപൻ ഭയപ്പെട്ടു, പടയാളികൾ ഇറങ്ങിവന്ന് അവനെ അവരുടെ നടുവിൽനിന്ന് പിടിച്ചെടുത്ത് കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.
11രാത്രിയിൽ കർത്താവ് അവന്റെ അടുക്കൽ നിന്ന്: “ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷിയായതുപോലെ റോമയിലും സാക്ഷിയാകേണ്ടതാകുന്നു” എന്ന് അരുളിച്ചെയ്തു.
12പ്രഭാതമായപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുന്നതുവരെ ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്ന് ശപഥം ചെയ്തു.
13ഇങ്ങനെ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു.
14അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്ന്: “ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ഭക്ഷിക്കുകയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.
15ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മതയോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിക്കുവിൻ; എന്നാൽ അവൻ ഇവിടെ എത്തും മുമ്പെ ഞങ്ങൾ അവനെ കൊന്നുകളയുവാൻ ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
16ഈ പതിയിരിപ്പിനെക്കുറിച്ച് പൗലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ട് ചെന്ന് കോട്ടയിൽ കടന്ന് പൗലൊസിനോട് വസ്തുതകൾ അറിയിച്ചു.
17പൗലൊസ് ശതാധിപന്മാരിൽ ഒരുവനെ വിളിച്ച്: “ഈ യൗവനക്കാരന് സഹസ്രാധിപനോട് ഒരു കാര്യം അറിയിക്കുവാനുള്ളതിനാൽ അവനെ അങ്ങോട്ട് കൊണ്ടുപോകണം” എന്ന പറഞ്ഞു.
18ശതാധിപന്മാരിൽ ഒരുവൻ യൗവനക്കാരനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്ന്: “തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു” എന്നു പറഞ്ഞു.
19സഹസ്രാധിപൻ അവനെ കൈയ്ക്ക് പിടിച്ച് സ്വകാര്യസ്ഥലത്തേക്ക് മാറിനിന്ന്: “എന്നോട് ബോധിപ്പിക്കുവാനുള്ളത് എന്ത്?” എന്ന് രഹസ്യമായി ചോദിച്ചു.
20അതിന് അവൻ: “യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കണമെന്നുള്ള വ്യാജഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിക്കുവാൻ ഒത്തുകൂടിയിരിക്കുന്നു.
21നീ അവരെ വിശ്വസിച്ച് പൗലൊസിനെ വിട്ടുകൊടുക്കരുത്; അവരിൽ നാല്പതിൽ അധികം പേർ അവനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്ന് ശപഥംചെയ്ത് അവനായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടും എന്ന് ആശിച്ച് അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു” എന്നു പറഞ്ഞു.
22“നീ ഇത് എന്നോട് അറിയിച്ചു എന്ന് ആരോടും പറയരുത് ” എന്നു സഹസ്രാധിപൻ കല്പിച്ചു, യൗവനക്കാരനെ പറഞ്ഞയച്ചു.
23പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: “ഈ രാത്രിയിൽ മൂന്നാം മണിനേരത്ത് കൈസര്യയ്ക്ക് പോകുവാൻ ഇരുനൂറ് പടയാളികളെയും എഴുപത് കുതിരച്ചേവകരെയും ഇരുനൂറ് കുന്തക്കാരെയും ഒരുക്കുവിൻ.
24പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോടെ എത്തിക്കുവാൻ മൃഗവാഹനങ്ങളെയും സജ്ജീകരിപ്പിൻ” എന്നു കല്പിച്ചു.
25താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി:
26“ശ്രേഷ്ഠനായ രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് ക്ലൌദ്യൊസ് ലുസിയാസ് വന്ദനം ചൊല്ലുന്നു.
27ഈ പുരുഷനെ യെഹൂദന്മാർ പിടിച്ച് കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമാപൗരൻ എന്ന് അറിഞ്ഞ് ഞാൻ പട്ടാളത്തോടുകൂടെ നേരിട്ടു ചെന്ന് അവനെ വിടുവിച്ചു.
28അവന്റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ട് അവരുടെ ന്യായാധിപസംഘത്തിലേക്ക് അവനെ കൊണ്ടുചെന്നു.
29എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ച് കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിനോ തടവുശിക്ഷക്കോ യോഗ്യമായത് ഒന്നും ഇല്ല എന്ന് കണ്ട്.
30അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നുള്ള ഗൂഢാലോചനയെപ്പറ്റി അറിവ് കിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം ദേശാധിപതിയുടെ സാന്നിദ്ധ്യത്തിൽ ബോധിപ്പിക്കുവാൻ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.”

Read അപ്പൊ. പ്രവൃത്തികൾ 23അപ്പൊ. പ്രവൃത്തികൾ 23
Compare അപ്പൊ. പ്രവൃത്തികൾ 23:10-30അപ്പൊ. പ്രവൃത്തികൾ 23:10-30