11ഇപ്പോൾ കർത്താവിന്റെ കരം നിന്നിൽ പതിക്കും; നീ ഒരു സമയത്തേക്ക് സൂര്യനെ കാണാതെ കുരുടനായിരിക്കും” എന്നു പറഞ്ഞു. ഉടൻ തന്നെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ച് നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു.
12ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ട് ആശ്ചര്യപ്പെടുകയും കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിക്കുകയും, വിശ്വസിക്കുകയും ചെയ്തു.
13പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്ന് കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗയ്ക്ക് ചെന്ന്. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി.
14അവരോ പെർഗ്ഗയിൽനിന്ന് പുറപ്പെട്ട് പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത് നാളിൽ യഹൂദന്മാരുടെ പള്ളിയിൽ ചെന്ന് ഇരുന്നു.
15ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ച്: “സഹോദരന്മാരേ, നിങ്ങൾക്ക് ജനത്തോട് സന്ദേശം വല്ലതും പ്രബോധിപ്പാൻ ഉണ്ടെങ്കിൽ അറിയിക്കാം” എന്ന് പറഞ്ഞു.
16പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി നിർദ്ദേശിച്ചത്: “യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, ശ്രദ്ധിപ്പിൻ.
17“യിസ്രായേൽ ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വർദ്ധിപ്പിച്ച്, തന്റെ കയ്യാൽ വീര്യം പ്രവർത്തിച്ചുകൊണ്ട് അവിടെനിന്ന് പുറപ്പെടുവിച്ചു,
18മരുഭൂമിയിൽ നാല്പത് സംവത്സരകാലത്തോളം അവരുടെ ദുശ്ശാഠ്യം ഉളള സ്വഭാവം സഹിച്ചു,
19കനാൻദേശത്തിലെ ഏഴ് ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്സരം കഴിഞ്ഞു.
20അതിന്റെശേഷം ദൈവം അവർക്ക് ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
21അനന്തരം യിസ്രയേൽ ജനം ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്ക് ബെന്യാമിൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്ക് നൽകി.
22അവനെ തള്ളിക്കളഞ്ഞിട്ട് ദാവീദിനെ അവർക്ക് രാജാവായി വാഴിച്ചു: ‘ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്ക് ബോധിച്ച പുരുഷനായി കണ്ട്; അവൻ എന്റെ ഹിതം എല്ലാം നിവർത്തിയ്ക്കും’ എന്ന് അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞു.
23ദാവീദിന്റെ സന്തതിയിൽ നിന്ന് ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേൽ ജനത്തിന് യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
24അവന്റെ വരവിന് മുമ്പെ യോഹന്നാൻ യിസ്രായേൽ ജനത്തിന് ഇടയിൽ ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
25യോഹന്നാൻ തന്റെ ദൗത്യം പൂർത്തിയാക്കാറായപ്പോൾ: ‘നിങ്ങൾ എന്നെ ആർ എന്ന് നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിക്കുവാൻ ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു.
26സഹോദരന്മാരേ, അബ്രഹാമിന്റെ വംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കായിട്ടാകുന്നു ഈ രക്ഷാവചനം അയച്ചുതന്നിരിക്കുന്നത്.
27യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും രക്ഷിതാവായ ക്രിസ്തുവിനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷയ്ക്ക് വിധിക്കുകയാൽ അവനെ പറ്റിയുള്ള തിരുവെഴുത്തുകൾ നിവൃത്തിവരുത്തുവാൻ ഇടയായി.
28മരണത്തിനായുള്ള ഒരു കാരണവും അവനിൽ കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്ന് അവർ പീലാത്തോസിനോട് അപേക്ഷിച്ചു.
29അവനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവർത്തിയായശേഷം അവർ അവനെ മരത്തിൽനിന്ന് ഇറക്കി ഒരു കല്ലറയിൽ വെച്ച്.
30ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു;
31അവൻ തന്നോടുകൂടെ ഗലീലയിൽനിന്ന് യെരൂശലേമിലേക്ക് വന്നവർക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
32ദൈവം പിതാക്കന്മാരോട് ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്ക് നിവർത്തിച്ചിരിക്കുന്നു എന്ന് ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.
33‘നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
34ഇനി ദ്രവത്വത്തിലേക്ക് തിരിയാതവണ്ണം ദൈവം അവനെ മരിച്ചവരിനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് സങ്കീർത്തനക്കാരൻ: ‘ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്ക് നല്കും’ എന്ന് പറഞ്ഞിരിക്കുന്നു
35മറ്റൊരു സങ്കീർത്തനത്തിലും: ‘നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ അനുവദിക്കുകയില്ല’ എന്നും പറയുന്നു.
36ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോട് ചേർന്ന് ദ്രവത്വം കണ്ട്.
37ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,
38ഉയിർത്തെഴുന്നേല്പിച്ചവൻമൂലം നിങ്ങളോട് പാപമോചനം അറിയിക്കുന്നു എന്നും
39മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്ക് നീതീകരണം പ്രാപിക്കുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ക്രിസ്തുവിനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.
40ആകയാൽ: ‘ഹേ പരിഹസിക്കുന്നവരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്ത് ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ’
41എന്ന് പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾക്ക് സംഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.”
42അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോട് പറയേണം എന്ന് അവർ അപേക്ഷിച്ചു.