Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. രാജാക്കന്മാർ - 1. രാജാക്കന്മാർ 7

1. രാജാക്കന്മാർ 7:25-46

Help us?
Click on verse(s) to share them!
25അത് പന്ത്രണ്ട് കാളകളുടെ പുറത്ത് വച്ചിരുന്നു; അവ വടക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും, കിഴക്കോട്ടും മൂന്നെണ്ണം വീതം തിരിഞ്ഞുനിന്നിരുന്നു; കടൽ അവയുടെ പുറത്ത് വച്ചിരുന്നു; അവയുടെ പൃഷ്ടഭാഗങ്ങൾ അകത്തേക്ക് ആയിരുന്നു.
26അതിന് ഒരു കൈപ്പത്തിയുടെ ഘനവും, വക്ക് പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിലും ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.
27അവൻ താമ്രം കൊണ്ട് പത്ത് പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന് നാല് മുഴം നീളവും നാല് മുഴം വീതിയും മൂന്ന് മുഴം ഉയരവും ഉണ്ടായിരുന്നു.
28പീഠങ്ങൾ നിർമ്മിച്ചത് ഇപ്രകാരമായിരുന്നു: അവയുടെ ചട്ടക്കൂട് പലകപ്പാളികളാൽ ബന്ധിച്ചിരുന്നു.
29ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും കൊത്തിയിരുന്നു; ചട്ടത്തിന് മുകളിലായി ഒരു പീഠം ഉണ്ടായിരുന്നു; ചട്ടങ്ങളിൽ സിംഹങ്ങൾക്കും കാളകൾക്കും താഴെ പുഷ്പചക്രങ്ങൾ നെയ്തുണ്ടാക്കി.
30ഓരോ പീഠത്തിനും താമ്രം കൊണ്ടുള്ള നന്നാല് ചക്രങ്ങളും താമ്രം കൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; തൊട്ടിയുടെ നാല് കോണിലും കാലുകൾ ഉണ്ടായിരുന്നു. കാൽ ഓരോന്നിനും പുറത്തുവശത്ത് പുഷ്പചക്രങ്ങൾ വാർത്തിരുന്നു.
31അതിന്റെ വായ് ചട്ടക്കൂട്ടിന് അകത്ത് മേലോട്ടും ഒരു മുഴം വ്യാസമുള്ളത് ആയിരുന്നു; അത് പീഠം പോലെ വൃത്താകൃതിയിലും പുറത്തെ വ്യാസം ഒന്നര മുഴവും ആയിരുന്നു; അതിന്റെ വായ്ക്കു ചുറ്റും കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകൃതിയായിരുന്നില്ല, സമചതുരാകൃതി ആയിരുന്നു.
32ചക്രങ്ങൾ നാലും പലകകളുടെ കീഴെയും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.
33ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചുതണ്ടുകളും വക്കുകളും അഴികളും ചക്രകൂടങ്ങളും എല്ലാം താമ്രം കൊണ്ടുള്ള വാർപ്പു പണി ആയിരുന്നു.
34ഓരോ പീഠത്തിന്റെ നാല് കോണിലും നാല് താങ്ങുകളുണ്ടായിരുന്നു; അവ പീഠത്തിൽനിന്ന് തന്നെ ഉള്ളവ ആയിരുന്നു.
35ഓരോ പീഠത്തിന്റെയും മുകളിൽ അര മുഴം ഉയരമുള്ള ചുറ്റുവളയവും, മേലറ്റത്ത് അതിന്റെ വക്കുകളും പലകകളും ഒന്നായി വാർത്തതും ആയിരുന്നു.
36അതിന്റെ പലകകളിലും വക്കുകളിലും ഇടം ഉണ്ടായിരുന്നതുപോലെ, അവൻ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും പുഷ്പചക്രപ്പണിയോടുകൂടെ കൊത്തിയുണ്ടാക്കി.
37ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവ ഒക്കെയും ഒരേ അച്ചിൽ വാർത്തതും, ആകൃതിയിലും വലിപ്പത്തിലും ഒരുപോലെയും ആയിരുന്നു.
38അവൻ താമ്രം കൊണ്ട് പത്ത് തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പത് ബത്ത് വെള്ളം കൊള്ളുമായിരുന്നു; ഓരോ തൊട്ടിയും നന്നാല് മുഴം വ്യാസം ഉള്ളതായിരുന്നു. പത്ത് പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വച്ചു.
39അവൻ പീഠങ്ങൾ അഞ്ചെണ്ണം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചെണ്ണം ഇടത്തുഭാഗത്തും സ്ഥാപിച്ചു; കടൽ അവൻ ആലയത്തിന്റെ വലത്ത് ഭാഗത്ത് തെക്കുകിഴക്കായി സ്ഥാപിച്ചു.
40പിന്നെ ഹീരാം തൊട്ടികളും വലിയ ചട്ടുകങ്ങളും പാത്രങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ രാജാവ് ഏല്പിച്ചിരുന്ന പണികളൊക്കെയും തീർത്തു.
41രണ്ട് തൂണുകൾ, രണ്ട് തൂണുകളുടെയും മുകളിലുള്ള ഗോളാകാരമായ രണ്ട് മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ട് വലപ്പണികൾ,
42തൂണുകളുടെ മുകളിലുള്ള ഗോളാകൃതിയിലുള്ള മകുടങ്ങളെ മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴം വീതം രണ്ട് വലപ്പണിയിലുംകൂടെ നാനൂറ് മാതളപ്പഴം,
43പത്ത് പീഠങ്ങൾ, പീഠങ്ങളിന്മേലുള്ള പത്ത് തൊട്ടി,
44ഒരു കടൽ, കടലിന്റെ കീഴെ പന്ത്രണ്ട് കാളകൾ,
45കലങ്ങൾ, വലിയ ചട്ടുകങ്ങൾ, പാത്രങ്ങൾ എന്നിവ ആയിരുന്നു. യഹോവയുടെ ആലയത്തിന് വേണ്ടി ശലോമോൻരാജാവിന്റെ ആവശ്യപ്രകാരം ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രം കൊണ്ടായിരുന്നു.
46യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മദ്ധ്യേ കളിമൺ അച്ചുകളിൽ രാജാവ് അവയെ വാർപ്പിച്ചു.

Read 1. രാജാക്കന്മാർ 71. രാജാക്കന്മാർ 7
Compare 1. രാജാക്കന്മാർ 7:25-461. രാജാക്കന്മാർ 7:25-46