3ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യനു കീഴിൽ നടക്കുന്ന ദുഷ്പ്രവൃത്തി കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ.
4സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി സകലവും ഒരുവന് മറ്റൊരുവനോടുള്ള അസൂയയിൽ നിന്ന് ഉളവാകുന്നു എന്ന് ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
5മൂഢൻ കയ്യും കെട്ടിയിരുന്ന് സ്വന്തമാംസം തിന്നുന്നു.
6രണ്ടു കൈ നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനേക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്.
7ഞാൻ പിന്നെയും സൂര്യനു കീഴിൽ മായ കണ്ടു.
8ഏകാകിയായ ഒരുവനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒരു അവസാനവുമില്ല; അവന്റെ കണ്ണിന് സമ്പത്തു കണ്ട് തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ച് സുഖാനുഭവം ത്യജിക്കുന്നു? ഇത് മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
9ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്ക് തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.