2ജനിക്കുവാൻ ഒരു കാലം, മരിക്കുവാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിക്കുവാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം;
3ഇടിച്ചുകളയുവാൻ ഒരു കാലം, പണിയുവാൻ ഒരുകാലം,
4കരയുവാൻ ഒരു കാലം ചിരിക്കുവാൻ ഒരുകാലം; വിലപിക്കുവാൻ ഒരു കാലം, നൃത്തം ചെയ്യുവാൻ ഒരു കാലം;
5കല്ലു പെറുക്കിക്കളയുവാൻ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്യുവാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കുവാൻ ഒരു കാലം;
6സമ്പാദിക്കുവാൻ ഒരു കാലം, നഷ്ടമാകുവാൻ ഒരു കാലം; സൂക്ഷിച്ചുവയ്ക്കുവാൻ ഒരു കാലം, എറിഞ്ഞുകളയുവാൻ ഒരു കാലം;
7കീറുവാൻ ഒരു കാലം, തുന്നിച്ചേർക്കുവാൻ ഒരു കാലം; മിണ്ടാതിരിക്കുവാൻ ഒരു കാലം, സംസാരിക്കുവാൻ ഒരു കാലം;
8സ്നേഹിക്കുവാൻ ഒരു കാലം, ദ്വേഷിക്കുവാൻ ഒരു കാലം; യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് ഒരു കാലവും ഉണ്ട്.
9പ്രയത്നിക്കുന്നവന് തന്റെ പ്രയത്നംകൊണ്ട് എന്ത് ലാഭം?
10ദൈവം മനുഷ്യർക്കു കൊടുത്തിരിക്കുന്ന കഷ്ടപ്പാട് ഞാൻ കണ്ടിട്ടുണ്ട്.
11അവൻ സകലവും അതതിന്റെ സമയത്ത് ഭംഗിയായി ചെയ്ത്, നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തി എന്തെന്ന് ഗ്രഹിക്കുവാൻ അവർക്കു കഴിവില്ല.
12ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കില്ല എന്നു ഞാൻ അറിയുന്നു.
13ഏതു മനുഷ്യനും തിന്നു കുടിച്ച് തന്റെ സകലപ്രയത്നത്താലും സുഖം അനുഭവിക്കുന്നത് ദൈവത്തിന്റെ ദാനം ആകുന്നു.
14ദൈവം പ്രവർത്തിക്കുന്നതെല്ലാം ശാശ്വതം എന്നു ഞാൻ അറിയുന്നു; അതിനോട് ഒന്നും കൂട്ടുവാനും അതിൽനിന്ന് ഒന്നും കുറയ്ക്കുവാനും കഴിയുന്നതല്ല; മനുഷ്യർ, തന്നെ ഭയപ്പെടേണ്ടതിന് ദൈവം അത് ചെയ്തിരിക്കുന്നു.
15ഇപ്പോഴുള്ളത് പണ്ടുണ്ടായിരുന്നു; ഇനി ഉണ്ടാകുവാനുള്ളതും മുമ്പ് ഉണ്ടായിരുന്നതു തന്നെ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.