5യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കും.
6സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്? ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ?
7ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരാണുള്ളത്? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
9നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു.
10നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
11ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
12ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു;
13നിന്റെ ഭുജം വീര്യമുള്ളത്; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.
14നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
15ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
16അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.
17നീ അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു.
18നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു.
19അന്ന് നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോട് അരുളിച്ചെയ്തത്; “ഞാൻ വീരനായ ഒരുത്തന് സഹായം നല്കുകയും ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു.
20ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു.
21എന്റെ കൈ അവനോടുകൂടി സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.