34അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.
35ദൈവം അവരുടെ പാറ എന്നും അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
36എങ്കിലും അവർ വായ്കൊണ്ട് അവനോട് കപടം സംസാരിക്കും നാവുകൊണ്ട് അവനോട് ഭോഷ്ക് പറയും.
37അവരുടെ ഹൃദയം അവനിൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.
38എങ്കിലും അവൻ കരുണയുള്ളവനാകുകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു.
39അവർ കേവലം ജഡം അത്രെ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും അവൻ ഓർത്തു.
40മരുഭൂമിയിൽ അവർ എത്ര തവണ അവനോട് മത്സരിച്ചു! ശൂന്യദേശത്ത് എത്ര പ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!
41അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
42ഈജിപ്റ്റിൽ അടയാളങ്ങളും സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവന്റെ കൈയും
43അവൻ ശത്രുവിന്റെ കൈയിൽ നിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല.
44അവൻ അവരുടെ നദികളെയും തോടുകളെയും അവർക്കു കുടിക്കുവാൻ കഴിയാത്ത വിധം രക്തമാക്കിത്തീർത്തു.
45അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു.
46അവരുടെ വിള അവൻ തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
47അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
48അവൻ അവരുടെ കന്നുകാലികളെ കന്മഴക്കും അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു.