20അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി, സത്യം; “എന്നാൽ അപ്പംകൂടി തരുവാൻ അവന് കഴിയുമോ? തന്റെ ജനത്തിന് അവൻ മാംസം വരുത്തി കൊടുക്കുമോ?” എന്ന് പറഞ്ഞു.
21ആകയാൽ യഹോവ അതു കേട്ട് കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
22അവർ ദൈവത്തിൽ വിശ്വസിക്കുകയും അവന്റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ.
23അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
24അവർക്കു തിന്നുവാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു.
25മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു; അവൻ അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
26അവൻ ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.
27അവൻ അവർക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
28അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
29അങ്ങനെ അവർ തിന്ന് തൃപ്തരായി. അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു.
30അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ,
31ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.
32ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
33അതുകൊണ്ട് അവൻ അവരുടെ നാളുകളെ ശ്വാസം പോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
34അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.
35ദൈവം അവരുടെ പാറ എന്നും അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
36എങ്കിലും അവർ വായ്കൊണ്ട് അവനോട് കപടം സംസാരിക്കും നാവുകൊണ്ട് അവനോട് ഭോഷ്ക് പറയും.
37അവരുടെ ഹൃദയം അവനിൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.
38എങ്കിലും അവൻ കരുണയുള്ളവനാകുകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു.
39അവർ കേവലം ജഡം അത്രെ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും അവൻ ഓർത്തു.