2ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും.
3നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു.
4നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
5അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; അവയെ അവരുടെ മക്കളെ അറിയിക്കുവാൻ നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു.
6വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾ തന്നെ, അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും.
7അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും അവന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകൾ പ്രമാണിച്ചുനടക്കുകയും
8അവരുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ, ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിനു തന്നെ.
9ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.
10അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; അവന്റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു.