Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 50

സങ്കീർത്തനങ്ങൾ 50:1-21

Help us?
Click on verse(s) to share them!
1ആസാഫിന്റെ ഒരു സങ്കീർത്തനം. സർവ്വശക്തനായ ദൈവം, യഹോവയായ ദൈവം തന്നെ, തന്റെ വാക്കിനാൽ, സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
2സൗന്ദര്യത്തിന്റെ പൂർണ്ണതയായ സീയോനിൽനിന്ന് ദൈവം പ്രകാശിക്കുന്നു.
3നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല; അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു.
4തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് അവൻ ഉയരത്തിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
5യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.
6ദൈവം തന്നെ ന്യായാധിപതി ആയിരിക്കുകയാൽ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.
7എന്റെ ജനമേ, കേൾക്കുക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.
8നിന്റെ ഹനനയാഗങ്ങളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഉണ്ടല്ലോ.
9നിന്റെ വീട്ടിൽനിന്ന് ഒരു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല.
10കാട്ടിലെ സകലമൃഗങ്ങളും ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു.
11മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു; വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ.
12എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല; ലോകവും അതിലുള്ള സകലവും എന്റെയാകുന്നു.
13ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
14ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക; അത്യുന്നതന് നിന്റെ നേർച്ചകൾ കഴിക്കുക.
15കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
16എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നത്: “എന്റെ ചട്ടങ്ങൾ അറിയിക്കുവാനും എന്റെ നിയമം നിന്റെ വായിൽ എടുക്കുവാനും നിനക്ക് എന്ത് കാര്യം?
17നീ ശാസന വെറുത്ത് എന്റെ വചനങ്ങൾ നിന്റെ പിറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
18കള്ളനെ കണ്ടാൽ നീ അവന്റെ പക്ഷം ചേരുന്നു; വ്യഭിചാരികളോട് നീ കൂട്ട് കൂടുന്നു.
19നിന്റെ വായ് നീ ദോഷത്തിന് വിട്ടുകൊടുക്കുന്നു; നിന്റെ നാവ് വഞ്ചനയ്ക്ക് രൂപം നൽകുന്നു.
20നീ ഇരുന്ന് നിന്റെ സഹോദരന് വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു.
21ഇപ്രകാരം നീ ചെയ്യുകയും ഞാൻ മിണ്ടാതിരിക്കുകയും ചെയ്തപ്പോൾ ഞാനും നിന്നെപ്പോലെയുള്ളവനെന്ന് നീ വിചാരിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ച് നിന്റെ കണ്ണിന്റെ മുമ്പിൽ അവയെല്ലാം നിരത്തിവയ്ക്കും”.

Read സങ്കീർത്തനങ്ങൾ 50സങ്കീർത്തനങ്ങൾ 50
Compare സങ്കീർത്തനങ്ങൾ 50:1-21സങ്കീർത്തനങ്ങൾ 50:1-21