11ഭക്ഷണത്തിനുവേണ്ടി കൊല്ലുവാനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജനതകളുടെ ഇടയിൽ ഞങ്ങളെ ചിതറിച്ചിരിക്കുന്നു.
12നീ നിന്റെ ജനത്തെ തുഛമായ വിലയ്ക്ക് വില്ക്കുന്നു. അവരുടെ വിലകൊണ്ട് സമ്പത്ത് വർദ്ധിക്കുന്നതുമില്ല.
13നീ ഞങ്ങളെ അയല്ക്കാർക്ക് അപമാനവിഷയവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കുന്നു.
14നീ ജനതകളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും വംശങ്ങളുടെ നടുവിൽ പരിഹാസത്തിനും വിഷയം ആക്കുന്നു.
15നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്നവന്റെ വാക്കുകൾ ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തവും
16ഞാൻ ഇടവിടാതെ അപമാനം അനുഭവിക്കുന്നു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
17ഇവയെല്ലാം ഞങ്ങൾക്ക് സംഭവിച്ചു എങ്കിലും ഞങ്ങൾ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല.
18നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവച്ച് തകർത്തുകളയുവാനും മരണത്തിന്റെ നിഴൽ കൊണ്ട് ഞങ്ങളെ മൂടുവാനും തക്കവണ്ണം
19ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല.
20ദൈവത്തിന്റെ നാമം ഞങ്ങൾ മറക്കുകയോ ഞങ്ങളുടെ കൈകൾ അന്യദൈവങ്ങളിലേക്ക് സഹായത്തിനായി നീട്ടുകയോ ചെയ്തിട്ടുണ്ടെങ്കിൽ
21ദൈവം അത് ശോധന ചെയ്യാതിരിക്കുമോ? അവൻ ഹൃദയ രഹസ്യങ്ങൾ അറിയുന്നുവല്ലോ.