11എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു; എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു.
12എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; എന്റെ അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു.
13എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
14ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു.
15യഹോവേ, നിന്നിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.
16“അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്ന് ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പ് പറയുമല്ലോ.