12അവർ എനിക്കു നന്മയ്ക്കു പകരം തിന്മ ചെയ്ത്, എന്റെ പ്രാണന് അനാഥത്വം വരുത്തുന്നു.
13ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു; ഉപവാസം കൊണ്ട് ഞാൻ എളിമപ്പെട്ടു. എന്റെ പ്രാർത്ഥന വീണ്ടും എന്റെ ഹൃദയത്തിലേക്ക് മടങ്ങിവന്നു.
14ഒരു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ അവനോട് പെരുമാറി; അമ്മയെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ച് കുനിഞ്ഞുനടന്നു.
15അവരോ എന്റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടം കൂടി; ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു, അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
16വിരുന്നു വീട്ടിലെ പരിഹാസികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരെ പല്ലു കടിക്കുന്നു.
17കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശകരമായ പ്രവൃത്തിയിൽനിന്ന് എന്റെ പ്രാണനെയും ബാലസിംഹങ്ങളിൽ നിന്ന് എന്റെ ജിവനെയും വിടുവിക്കണമേ.
18ഞാൻ മഹാസഭയിൽ നിനക്ക് സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ നദുവിൽ നിന്നെ സ്തുതിക്കും.
19വെറുതെ എനിക്ക് ശത്രുക്കളായവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ പരിഹാസത്തോടെ കണ്ണിമയ്ക്കുകയും അരുതേ.
20അവർ സമാധാനവാക്കുകൾ സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.