8“യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്ക! അവൻ നിന്നെ രക്ഷിക്കട്ടെ! അവൻ നിന്നെ വിടുവിക്കട്ടെ! അവന് നിന്നിൽ പ്രസാദമുണ്ടല്ലോ.”
9നീയല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിന്നിൽ ആശ്രയിക്കുമാറാക്കി.
10ജനിച്ച ഉടൻ തന്നെ ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.
11കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിക്കുവാൻ മറ്റാരുമില്ലല്ലോ.
12അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.
14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി; എന്റെ ഉള്ളിൽ ഉരുകിയിരിക്കുന്നു.
15എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.
16നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു.
17എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം; അവർ എന്നെ തുറിച്ച് നോക്കുന്നു.
18എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.
19നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.