21ഞാൻ യഹോവയുടെ വഴികളിൽ നടന്നു; എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.
22അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ട്; അവന്റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല.
23ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.
24യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ ദൃഷ്ടിയിൽ എന്റെ കൈകളുടെ വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി.
25ദയാലുവോട് നീ ദയാലു ആകുന്നു; നഷ്കളങ്കനോട് നീ നിഷ്കളങ്കൻ;
26നിർമ്മലനോട് നീ നിർമ്മലനാകുന്നു; വക്രനോട് നീ വക്രത കാണിക്കുന്നു.
27എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
28നീ എന്റെ ദീപം കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
29നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
30ദൈവത്തിന്റെ വഴി തികവുള്ളത്; യഹോവയുടെ വചനം നിർമലമായത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.
31യഹോവയല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്?
32എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ.
33അവൻ എന്റെ കാലുകളെ പേടമാന്റെ കാലുകൾക്ക് തുല്യമാക്കി, ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു.
34അവൻ എന്റെ കൈകളെ യുദ്ധം അഭ്യസിപ്പിക്കുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു.
35നിന്റെ രക്ഷ എന്ന പരിച നീ എനിക്ക് തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
36ഞാൻ കാലടി വയ്ക്കേണ്ടതിന് നീ എന്റെ വഴികൾക്ക് വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
37ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു; അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
38അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
39യുദ്ധത്തിനായി നീ എന്റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിത്തന്നിരിക്കുന്നു.