2യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും ദൈവവും ഞാൻ ശരണമാക്കുന്ന പാറയും എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു.
3സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുകയും എന്റെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷപ്രാപിക്കുകയും ചെയ്യും.
4മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
5പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കെണികളും എന്നെ പിൻതുടർന്ന് പിടിച്ചു.
6എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോട് നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽ ഇരുന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളിയും തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനയും അവന്റെ ചെവിയിൽ എത്തി.
7ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി.
8അവന്റെ മൂക്കിൽനിന്ന് പുക പൊങ്ങി; അവന്റെ വായിൽനിന്ന് തീ പുറപ്പെട്ട് ദഹിപ്പിച്ചു; തീക്കനൽ അവനിൽനിന്ന് ജ്വലിച്ചു.
9അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാല്ക്കീഴിലുണ്ടായിരുന്നു.
10അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു.
11അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
12അവന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിഞ്ഞു.
13യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
14അവൻ അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു.
15യഹോവേ, നിന്റെ ശാസനയാലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ പ്രവാഹത്തിന്റെ ശക്തിയാലും സമുദ്രപാതകൾ തെളിഞ്ഞുവന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
16അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
17എന്റെ ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ വെറുത്തവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലവാന്മാരായിരുന്നു.
18എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു.
19അവൻ എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു; എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.
20യഹോവ എന്റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു.
21ഞാൻ യഹോവയുടെ വഴികളിൽ നടന്നു; എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.
22അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ട്; അവന്റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല.
23ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.
24യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ ദൃഷ്ടിയിൽ എന്റെ കൈകളുടെ വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി.
25ദയാലുവോട് നീ ദയാലു ആകുന്നു; നഷ്കളങ്കനോട് നീ നിഷ്കളങ്കൻ;
26നിർമ്മലനോട് നീ നിർമ്മലനാകുന്നു; വക്രനോട് നീ വക്രത കാണിക്കുന്നു.
27എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
28നീ എന്റെ ദീപം കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
29നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
30ദൈവത്തിന്റെ വഴി തികവുള്ളത്; യഹോവയുടെ വചനം നിർമലമായത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.
31യഹോവയല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്?