3യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; അവന്റെ നാമത്തിനു കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ.
4യഹോവ യാക്കോബിനെ തനിക്കായും യിസ്രായേലിനെ തന്റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു.
5യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ് സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.
6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു.
7അവൻ ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽ നിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
8അവൻ ഈജിപ്റ്റിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു.
9ഈജിപ്റ്റ്ദേശമേ, നിന്റെ മദ്ധ്യത്തിൽ അവൻ ഫറവോന്റെമേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
10അവൻ വലിയ ജനതകളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
11അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നെ.
12അവരുടെ ദേശത്തെ അവൻ അവകാശമായി, തന്റെ ജനമായ യിസ്രായേലിന് അവകാശമായി കൊടുത്തു.
13യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
14യഹോവ തന്റെ ജനത്തിന് ന്യായപാലനം ചെയ്യും; അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.
15ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.