93ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നു.
94ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കണമേ; ഞാൻ നിന്റെ പ്രമാണങ്ങൾ അന്വേഷിക്കുന്നു.
95ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും.
96സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിശാലമായിരിക്കുന്നു.
97നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു.
98നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്.
99നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കുകകൊണ്ട് എന്റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു.
100നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയാൽ ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു.
101നിന്റെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു.
102നീ എന്നെ ഉപദേശിച്ചിരിക്കുകയാൽ ഞാൻ നിന്റെ വിധികൾ വിട്ടുമാറിയിട്ടില്ല.
103തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്.
104നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.
105നിന്റെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
106നിന്റെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.
107ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
108യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കണമേ; നിന്റെ വിധികൾ എനിക്ക് ഉപദേശിച്ചു തരണമേ.
109ഞാൻ പ്രാണത്യാഗം ചെയ്യുവാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.
110ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല.
111ഞാൻ നിന്റെ സാക്ഷ്യങ്ങളെ എന്റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
112നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു.
113ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
114നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.
115എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമ്മികളേ, എന്നെ വിട്ടു പോകുവിൻ.
116ഞാൻ ജീവിച്ചിരിക്കേണ്ടതിന് നിന്റെ വചനപ്രകാരം എന്നെ താങ്ങണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
117ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങണമേ; നിന്റെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും.
118നിന്റെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.
119ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ മാലിന്യം പോലെ നീക്കിക്കളയുന്നു; അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.
120നിന്നെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
121ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ.
122അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
123എന്റെ കണ്ണ് നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു.
124നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
125ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
126യഹോവേ, ഇത് നിനക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.