86നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കണമേ.
87അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; നിന്റെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും.
88നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും.
89യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
90നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.
91അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസരല്ലോ.
92നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.
93ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നു.
94ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കണമേ; ഞാൻ നിന്റെ പ്രമാണങ്ങൾ അന്വേഷിക്കുന്നു.
95ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും.
96സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിശാലമായിരിക്കുന്നു.
97നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു.
98നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്.
99നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കുകകൊണ്ട് എന്റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു.
100നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയാൽ ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു.
101നിന്റെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു.
102നീ എന്നെ ഉപദേശിച്ചിരിക്കുകയാൽ ഞാൻ നിന്റെ വിധികൾ വിട്ടുമാറിയിട്ടില്ല.
103തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്.
104നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.
105നിന്റെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
106നിന്റെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.
107ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
108യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കണമേ; നിന്റെ വിധികൾ എനിക്ക് ഉപദേശിച്ചു തരണമേ.
109ഞാൻ പ്രാണത്യാഗം ചെയ്യുവാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.
110ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല.
111ഞാൻ നിന്റെ സാക്ഷ്യങ്ങളെ എന്റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
112നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു.
113ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
114നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.
115എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമ്മികളേ, എന്നെ വിട്ടു പോകുവിൻ.
116ഞാൻ ജീവിച്ചിരിക്കേണ്ടതിന് നിന്റെ വചനപ്രകാരം എന്നെ താങ്ങണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
117ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങണമേ; നിന്റെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും.
118നിന്റെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.
119ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ മാലിന്യം പോലെ നീക്കിക്കളയുന്നു; അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.
120നിന്നെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
121ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ.
122അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
123എന്റെ കണ്ണ് നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു.
124നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
125ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
126യഹോവേ, ഇത് നിനക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.
127അതുകൊണ്ട് നിന്റെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
128അതുകൊണ്ട് നിന്റെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു.
129നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവ പ്രമാണിക്കുന്നു.
130നിന്റെ വചനങ്ങളുടെ പ്രവേശനം പ്രകാശം പ്രദാനം ചെയ്യുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
131നിന്റെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു.
132തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് നീ ചെയ്യുന്നതുപോലെ എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യണമേ.
133എന്റെ കാലടികൾ നിന്റെ വചനത്തിൽ സ്ഥിരമാക്കണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
134മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.
135അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ച് നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
136അവർ നിന്റെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു.
137യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നെ.
138നീ നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
139എന്റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട് എന്റെ എരിവ് എന്നെ സംഹരിക്കുന്നു.
140നിന്റെ വചനം അത്യന്തം വിശുദ്ധമാകുന്നു; അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു.
141ഞാൻ എളിയവനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ മറക്കുന്നില്ല.
142നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.
143കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു.
144നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു ബുദ്ധി നല്കണമേ.
145ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങൾ പ്രമാണിക്കും.
146ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.
147ഞാൻ ഉദയത്തിനു മുമ്പ് എഴുന്നേറ്റ് പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവയ്ക്കുന്നു.
148തിരുവചനം ധ്യാനിക്കേണ്ടതിന് എന്റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
149നിന്റെ ദയയ്ക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.
150ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു.
151യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകൾ സകലവും സത്യം തന്നെ.
152നിന്റെ സാക്ഷ്യങ്ങൾ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്ന് ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു.
153എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കണമേ; ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല.
154എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
155രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
156യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.
157എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
158ഞാൻ ദ്രോഹികളെ കണ്ട് വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
159നിന്റെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ട്, യഹോവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ.
160നിന്റെ വചനത്തിന്റെ സാരം സത്യം തന്നെ; നിന്റെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ.
161പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനത്തെ എന്റെ ഹൃദയം ഭയപ്പെടുന്നു.