72ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
73തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; നിന്റെ കല്പനകൾ പഠിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
74തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ട് സന്തോഷിക്കുന്നു.
75യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.
76അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ.
77ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നണമേ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു.
78കാരണം കൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ; ഞാൻ നിന്റെ കല്പനകൾ ധ്യാനിക്കുന്നു.
79നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങൾ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ.
80ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന് എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.
81ഞാൻ നിന്റെ രക്ഷയ്ക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
82എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്ന് ചിന്തിച്ച് എന്റെ കണ്ണ് നിന്റെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു.
83ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങൾ മറക്കുന്നില്ല.
84അടിയന്റെ ജീവകാലം എത്രനാൾ? എന്നെ ഉപദ്രവിക്കുന്നവരുടെമേൽ നീ എപ്പോൾ ന്യായവിധി നടത്തും?
85നിന്റെ ന്യായപ്രമാണം അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
86നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കണമേ.
87അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; നിന്റെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും.
88നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും.
89യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
90നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.
91അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസരല്ലോ.
92നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.
93ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നു.
94ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കണമേ; ഞാൻ നിന്റെ പ്രമാണങ്ങൾ അന്വേഷിക്കുന്നു.
95ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും.
96സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിശാലമായിരിക്കുന്നു.
97നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു.
98നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്.
99നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കുകകൊണ്ട് എന്റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു.
100നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയാൽ ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു.
101നിന്റെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു.
102നീ എന്നെ ഉപദേശിച്ചിരിക്കുകയാൽ ഞാൻ നിന്റെ വിധികൾ വിട്ടുമാറിയിട്ടില്ല.
103തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്.