64യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
65യഹോവേ, തിരുവചനപ്രകാരം നീ അടിയന് നന്മ ചെയ്തിരിക്കുന്നു.
66നിന്റെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ എനിക്കു നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരണമേ.
67കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി; ഇപ്പോൾ ഞാൻ നിന്റെ വചനം പ്രമാണിക്കുന്നു.
68നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
69അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി; ഞാൻ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.
70അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
71നിന്റെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി.
72ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
73തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; നിന്റെ കല്പനകൾ പഠിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
74തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ട് സന്തോഷിക്കുന്നു.
75യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.
76അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ.