40ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കണമേ.
41യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ.
42ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും.
43ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്ന് നീക്കിക്കളയരുതേ.
44അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
45നിന്റെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും.
46ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
47ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്ക് പ്രിയമായിരിക്കുന്നു.
48എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു; നിന്റെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു.
49എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ അടിയനോടുള്ള നിന്റെ വചനത്തെ ഓർക്കണമേ.
50നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു.
51അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; എന്നാൽ ഞാൻ നിന്റെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല.
52യഹോവേ, പുരാതനമായ നിന്റെ വിധികൾ ഓർത്ത് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു.
53നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു.
54ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
55യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.
56നിന്റെ പ്രമാണങ്ങൾ അനുസരിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കുന്നു.
57യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.
58പൂർണ്ണഹൃദയത്തോടെ ഞാൻ നിന്റെ കൃപയ്ക്കായി അപേക്ഷിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകണമേ.
59ഞാൻ എന്റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്റെ കാലുകൾ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.